News Portal

ഇന്ത്യൻ ടീം നന്നായി കളിച്ചു, പക്ഷേ….: ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി


അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. ആറാമത്തെ ലോകകപ്പ് ട്രോഫിയാണ് ഓസ്‌ട്രേലിയ ഉയർത്തിയത്. ഇന്ത്യയുടെ ഹൃദയഭേദകമായ തോൽവിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യ തോറ്റത് പ്രധാനമന്ത്രി കാരണമാണെന്ന വിചിത്ര വാദമാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. ‘ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ‘ദുശ്ശകുനം’ എത്തിയതോടെ കളി തോൽക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. രാജസ്ഥാനിലെ ജലോറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

അതേസമയം, ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ). ലോകകപ്പ് നേടി ഓസ്ട്രേലിയന്‍ ടീമിന് നാല് മില്യണ്‍ ഡോളര്‍(ഏകദേശം 33.34 കോടി രൂപ) ആണ് സമ്മാനത്തുകയായി ഐസസി നല്‍കിയത്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.