News Portal

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു



ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ സ്ഥലത്തുള്ളതിനാല്‍ ഇപ്പോഴും ശക്തമായ വെടിവയ്പ്പ് നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്റെ ഭാഗമായി ധര്‍മസാലിലെ ബാജിമാല്‍ മേഖലയില്‍ ഭീകരരും സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് അറിയിച്ചു.

Read Also: ശബരിമലയിൽ അതീവ ജാഗ്രത പാലിക്കണം: മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്ന് റിപ്പോർട്ട്

ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും മരിക്കുകയൂം ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വെള്ളിയാഴ്ച രജൗരിയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. ബുധാലിലെ ഗുല്ലര്‍-ബെഹ്‌റോട്ട് പ്രദേശത്താണ് സംഭവം. സൈന്യത്തിന്റെയും പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സംശയാസ്പദമായ ചില നീക്കങ്ങള്‍ നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.