News Portal

കുസാറ്റിൽ സംഭവിച്ചത് നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തം: മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകി.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.