News Portal

പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം; അന്ധനായ യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു, തടയാൻ നോക്കിയ അമ്മയെയും തല്ലി

കൊല്ലം: അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയില്‍ ഷമീർ മൻസിലില്‍ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.

 

 

 

മുൻവിരോധമാണ് അന്ധ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീലസ് പറഞ്ഞു.

 

തന്റെ അമ്മയെ പ്രതി പതിവായി ഉപദ്രവിക്കുന്ന വിവരം പൊലീസില്‍ അറിയച്ചതിലുള്ള വിരോധം കാരണം കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പാരിപ്പള്ളി സ്വദേശിയായ അന്ധ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവാവിനെയും ആക്രമിച്ചു. യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച്‌ മുഖത്തും മുതുകിലും മർദ്ദിക്കുകയും തടയാൻ ശ്രമിച്ചപ്പോള്‍ ശരീരത്തില്‍ കടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു.

 

തടയാൻ ശ്രമിച്ച അമ്മയെയും ഇയാള്‍ മർദ്ദിച്ച്‌ പരിക്കേല്‍പ്പിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. അതിക്രമങ്ങള്‍ക്ക് ശേഷം പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ കണ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുബ്രമണ്യൻ പോറ്റി, ജയപ്രകാശ്, എ.എസ്.ഐ മാരായ ജയൻ, അനീഷ്, എസ്.സി.പി.ഒ സബിത്ത്, സി.പി.ഒ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.