News Portal

പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം; പ്രതി പിടിയില്‍, ദുരൂഹത ചുരുളഴിയാൻ മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍ കണ്ടെത്തുകയുമായിരുന്നു.
കുട്ടി തനിയെ അവിടെ വരെ പോകില്ലെന്നുള്ള നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടരുകയും പ്രതി പിടിയിലാകുകയുമായിരുന്നു. കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്. ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

രണ്ടാഴ്ച മുമ്ബാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരി 19ന് പുലർച്ചെയാണ് സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. വൈകിട്ട് മാധ്യമങ്ങളെ കാണുമ്ബോള്‍ വിശദവിവരം അറിയിക്കാമെന്നാണ് പൊലീസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് കമ്മീഷണർ നാഗരാജു മാധ്യമങ്ങളെ കാണും.

പ്രതി മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടു പോകലില്‍ കുഞ്ഞിൻ്റെ ബന്ധുക്കള്‍ക്ക് പങ്കില്ല എന്ന് പൊലീസ് പറഞ്ഞതായാണ് വ്യക്തമാകുന്നത്. സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിർണായകമായത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോ എന്ന് സംശയങ്ങളുയർന്നിരുന്നു. മൂന്നു കുട്ടികളാണ് ഈ മാതാപിതാക്കള്‍ക്കുള്ളത്. എന്നാല്‍, കുട്ടികളുടെ പ്രായം പോലും കൃത്യമായി പറയാൻ മാതാപിതാക്കള്‍ക്ക് കഴിയാഞ്ഞത് അവരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎൻഎ പരിശോധന വരെ നടത്തി.

എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന ചോദ്യത്തിന് ഇന്ന് വൈകിട്ട് ഉത്തരം ലഭിക്കും. മോഷണശ്രമത്തിന്റെ ഭാഗമല്ലെന്ന് അന്നേ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വർണമോ വിലകൂടിയ ആഭരണങ്ങളോ ഒന്നും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. കാണാതായി 20 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തുമ്ബോള്‍ നിർജലീകരണം സംഭവിച്ച്‌ തീരെ അവശയായ നിലയിലായിരുന്നു കുട്ടി. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങള്‍ നേരിട്ടതിന്റെ സൂചനകളുണ്ടായിരുന്നില്ല. ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലാണോ എന്നും സംശയമുയർന്നിരുന്നു. എന്തായാലും പ്രതി പിടിയിലായതോടെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ലഭിക്കാൻ പോകുന്നത്.