News Portal

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസൻകുട്ടി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളെന്ന് പോലീസ്

തിരുവനന്തപുരം: പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.

ഹസൻകുട്ടിയെന്ന കബീർ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നയാളാണെന്ന് പോലീസ് അറിയിച്ചു.

കൊല്ലത്ത് വെച്ചാണ് പ്രതി പിടിയിലായത്. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷൻ സി എച്ച്‌ നാഗരാജു വിശദീകരിച്ചു. ഫെബ്രുവരി 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അർദ്ധരാത്രിയോടെ പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കവേയാണ് മേരിയെന്ന രണ്ടുവസ്സുകാരിയെ ഹസൻകുട്ടി തട്ടിക്കൊണ്ട് പോയത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ഓടയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കബീർ പോക്സോ ഉള്‍പ്പടെ എട്ടോളം കേസുകളില്‍ പ്രതിയാണ്. ജനുവരി 12-ാം തീയതിയാണ് ഇയാള്‍ കൊല്ലം ജയിലില്‍ നിന്ന് ഇറങ്ങിയത്. 2022-ല്‍ പെണ്‍കുട്ടിക്ക് മിഠായി നല്‍കി വിളിച്ച്‌ ഉപദ്രവിച്ച സംഭവമുണ്ടായിട്ടുണ്ട്. മോഷണം അടക്കമുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. അലഞ്ഞ് നടക്കുന്ന ആളാണ്. കൃത്യമായ വിലാസം ഇല്ലാത്തതിനാല്‍ കണ്ടെത്താൻ പോലീസ് ഒരുപാട് ബുദ്ധിമുട്ടി. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിയെടുത്ത പെണ്‍കുട്ടിയുമായി തൊട്ടടുത്ത റെയില്‍വേ ട്രാക്കിനടുത്തേക്കാണ് പോയത്. തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി കരഞ്ഞപ്പോള്‍ വായപൊത്തിപ്പിടിച്ചു. കുട്ടിക്ക് അനക്കില്ലാതായപ്പോള്‍ പേടിയായെന്നും തുടർന്ന് ഉപേക്ഷിച്ചെന്നുമാണ് ഹസൻകുട്ടി പോലീസിന് നല്‍കിയ മൊഴി.