News Portal

അമ്മയെ ബൈക്ക് ഷോറൂമില്‍ നിര്‍ത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവിന് അപകടത്തില്‍ ദാരുണാന്ത്യം

വരാപ്പുഴ: അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തില്‍ മരിച്ചത്.

 

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അമ്മയെ ഷോറൂമില്‍ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.

 

എളംകുളം ഭാഗത്തെത്തി യൂ ടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചു മിനിറ്റിലേറെ നേരം റോഡില്‍ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

 

കളമശ്ശേരി സ്കോഡ ഷോറൂമില്‍ മെക്കാനിക്കാണ് നിധിൻ നാഥൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.