News Portal

മദ്യപിക്കാൻ പണം നല്‍കിയില്ല; കൊല്ലത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു

തേവലക്കര: മദ്യപിക്കാൻ പണം നല്‍കാത്ത വിരോധത്തില്‍ അച്ഛനെ മർദിച്ചുകൊലപ്പെടുത്തിയ മകൻ പിടിയില്‍. ചവറ തേവലക്കര കോയിവിള പാവുമ്ബ അജയഭവനത്തില്‍ (കുറവരുതെക്കതില്‍) അച്യുതൻ പിള്ള(75)യാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.

 

അച്യുതൻ പിള്ളയുടെ മകൻ മനോജ്കുമാറി(37)നെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മണിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സലീം, രാജേഷ്, സി.പി.ഒ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

 

പോലീസ് പറയുന്നത്: മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മനോജ്കുമാർ പലപ്പോഴും ഉപദ്രവിക്കുമായിരുന്നു. വസ്തു വിറ്റതുമായി ബന്ധപ്പെട്ട പണം മനോജ് ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ ഉടൻ ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ വിവമറിയിച്ചു. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ അച്യുതൻ പിള്ളയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍. ഭാര്യ: പരേതയായ ചന്ദ്രികാമ്മ. അജയകുമാറാണ് അച്യുതൻ പിള്ളയുടെ മറ്റൊരു മകൻ.