News Portal

കോ തമംഗലത്തെ കൊലപാതകം: അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍, ചോദ്യംചെയ്യുന്നു

കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയില്‍.

അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീടിന് തൊട്ടടുത്ത് തന്നെ ഇവരുടെ പഴയ വീടും ഉണ്ടായിരുന്നു. അവിടെ മൂന്ന് അതിഥി തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവരില്‍ രണ്ടുപേർ ജോലിക്ക് പോയിരുന്നത്. ഒരാള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. ഒരു മണിയോടെ അയല്‍വാസികളിലൊരാള്‍ സാറാമ്മയെ കണ്ടിരുന്നു. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ ആദ്യം കണ്ടത്.

വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. ചുറ്റും രക്തം തളംകെട്ടി കിടന്നിരുന്നു. തെളിവ് നശിപ്പിക്കാൻ മഞ്ഞള്‍പൊടി വിതറിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. റബ്ബർത്തോട്ടത്തിനു നടുവിലെ വീട്ടില്‍ സാറാമ്മയും മകനും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. മകൻ എല്‍ദോസും ഭാര്യ സില്‍ജുവും രാവിലെ വീട്ടില്‍നിന്നു പോയ ശേഷം സാറാമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇരുമ്ബുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നാല് വളകളും നഷ്ടമായിട്ടുണ്ട്. മൂർച്ചയുള്ള ആയുധംകൊണ്ട് വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ നിലയിലാണ്. തലയിലും മുറിവുണ്ട്. മാലയും നാല് വളയുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.

സാറാമ്മയുടെ വലതു കൈയില്‍ ചോറിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോഴാണ് അക്രമി എത്തിയതെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കുന്നത്. വീടിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണവുമുണ്ട്. ഡൈനിങ് ടേബിളിന്റെ കസേര മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.