News Portal

സുരക്ഷിതമല്ലാത്ത വായ്പകളുടെ നിയന്ത്രണം; ബാങ്കുകള്‍ക്ക് 84000 കോടി അധിക മൂലധനം വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍


മുംബൈ: സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടി രാജ്യത്തെ ബാങ്കിംഗ് മേഖലയെ കാര്യമായി സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ ബാങ്കിംഗ് മേഖലയ്ക്ക് 84000 കോടി അധിക മൂലധനം ആവശ്യമായി വരുമെന്ന് എസ്ബിഐയിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റിപ്പോ റേറ്റ് ഉയര്‍ന്ന സാഹചര്യത്തില്‍ പണലഭ്യതയിലൂടെയും മാക്രോ പ്രൂഡന്‍ഷ്യല്‍ നടപടികളിലൂടെയും വളര്‍ച്ചയും പണപ്പെരുപ്പവും ലക്ഷ്യമിടുകയാണ് ആര്‍ബിഐ എന്ന് സാമ്പത്തിക വിദ്ഗധര്‍ പറയുന്നു.

” നിലവിലെ അപ്രതീക്ഷിത നടപടിയിലൂടെ ബാങ്കുകള്‍ക്ക് അധിക മൂലധനം ആവശ്യമായി വരും. ഞങ്ങളുടെ കണക്കൂകൂട്ടല്‍ പ്രകാരം ബാങ്കിംഗ് മേഖലയ്ക്ക് ഏകദേശം 84000 കോടി രൂപ അധിക മൂലധനമായി വേണ്ടിവരും,” റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം നേരത്തെ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ബജാജ് ഫിനാന്‍സിന്റെ വായ്പകള്‍ക്ക് വിലക്കുമായി ആര്‍ബിഐ രംഗത്തെത്തിയിരുന്നു. ഇ കോം, ഇന്‍സ്റ്റ ഇഎംഐ കാര്‍ഡ് എന്നിവ വഴി നല്‍കുന്ന വായ്പകളാണ് ആര്‍ബിഐ വിലക്കിയത്.

Also read-റോയല്‍ എന്‍ഫീല്‍ഡ് ഡീസല്‍ ബൈക്കുകള്‍ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകാന്‍ കാരണമെന്ത്?

ഡിജിറ്റല്‍ വായ്പകള്‍ക്കായി പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുകളുടെ ഓണ്‍ലൈന്‍ വഴിയുള്ള വായ്പ്പാ തട്ടിപ്പുകള്‍ തടയുന്നതുമായി ബന്ധപ്പെട്ടാണ് വിലക്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് ആദ്യമായാണ് രാജ്യത്തെ തന്നെ ഏറ്റവും വിശ്വസ്ഥതയുള്ള ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സിന് മുകളില്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഡിജിറ്റല്‍ ലോണുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും, ഇ കോമും, ഇന്‍സ്റ്റ ഇഎംഐ യും വഴി നല്‍കുന്ന ലോണുകള്‍ക്ക് വായ്പ്പാക്കാര്‍ക്ക് നല്‍കുന്ന സ്റ്റേറ്റ്‌മെന്റുകളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന് സെന്‍ട്രല്‍ ബാങ്ക് പ്രതികരിച്ചു. വിലക്കെര്‍പ്പെടുത്തിയ രണ്ട് ഉല്‍പ്പന്നങ്ങളും ബജാജ് ഫിനാന്‍സിന് എത്രത്തോളം ലാഭം നല്‍കുന്നതാണ് എന്ന വിവരങ്ങള്‍ക്ക് വ്യക്തത വന്നിട്ടില്ല.

Also read-സിബിൽ സ്‌കോറിൽ ഉപയോക്താക്കളെ ഭയപ്പെടുത്തരുത്; RBI നിയമങ്ങൾ മാറ്റി

ആര്‍ബിഐ യുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് (KFS) വീണ്ടും പരിശോധിക്കുമെന്നും ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി നടപടികള്‍ കൈക്കൊള്ളുമെന്നും ബജാജ് ഫിനാന്‍സ് അറിയിച്ചു. ഈ വിലക്ക് കമ്പനിയുടെ പ്രവര്‍ത്തനത്തെയോ വിശ്വാസ്യതയെയോ ബാധിക്കില്ല എന്ന് ഉറപ്പുണ്ടെന്നും വിഷയത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണുമെന്നും ബജാജ് ഫിനാന്‍സ് കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ വയ്പ്പാ തട്ടിപ്പുകള്‍ക്കെതിരെ നടത്തി വരുന്ന നിയമ നടപടികളുടെ ഭാഗമായാണ് ആര്‍ബിഐയുടെ നിയന്ത്രണം. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധമില്ലാത്ത മൊബൈല്‍ നമ്പറുമായി അക്കൗണ്ടുകളെ ബന്ധിപ്പിക്കുകയും തുടര്‍ന്ന് തങ്ങളുടെ ബോബ് വേര്‍ഡ് എന്ന അപ്ലിക്കേഷന്‍ വഴി ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ മാസം അര്‍ബിഐ പുതിയ ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.