News Portal

മാ ട്രിമോണിയല്‍ സൈറ്റില്‍ കസ്റ്റംസ് ഓഫീസര്‍, എഞ്ചിനീയര്‍; 45കാരൻ വഞ്ചിച്ചത് 10 സംസ്ഥാനങ്ങളിലെ 250ലധികം സ്ത്രീകളെ

ബംഗളൂരു: മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെയും സൗഹൃദം സ്ഥാപിച്ച്‌ 250 ലധികം സ്ത്രീകളെ വഞ്ചിച്ചയാള്‍ അറസ്റ്റില്‍.

 

45കാരനായ നരേഷ് പൂജാരി ഗോസ്വാമിയാണ് അറസ്റ്റിലായത്. ബെംഗളൂരു റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

രാജസ്ഥാൻ സ്വദേശിയായ നരേഷ് പൂജാരി ഗോസ്വാമി, കഴിഞ്ഞ 20 വർഷമായി ബംഗളൂരുവിലാണ് താമസം. മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കി കസ്റ്റംസ് ഉദ്യോഗസ്ഥനായും സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ചമഞ്ഞായിരുന്നു തട്ടിപ്പ്.

 

10 സംസ്ഥാനങ്ങളിലായി 259 സ്ത്രീകളെയാണ് നരേഷ് പൂജാരി കബളിപ്പിച്ചത്. സ്ത്രീകളുമായി സൌഹൃദമുണ്ടാക്കിയ ശേഷം വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറയും. അതിനുശേഷം ഇക്കാര്യം ചർച്ച ചെയ്യാൻ ബംഗളൂരുവിലേക്ക് വിളിക്കും. അവർ വരുമ്ബോള്‍ താൻ ഓഫീസില്‍ ചില അടിയന്തര പണികളിലാണെന്നും അമ്മാവനെ അയക്കാമെന്നും പറയും. എന്നിട്ട് അയാള്‍ തന്നെ അമ്മാവനായി ചമഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തി സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും കാണും.

 

എന്നിട്ട് മാറി നിന്ന് വീണ്ടും യുവാവായി ഫോണ്‍ ചെയ്യും. മറ്റ് കുടുംബാംഗങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വന്ന് പെണ്ണിന്‍റെ കുടുംബത്തെ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അതിനായി 5000 – 10,000 രൂപ അമ്മാവന് നല്‍കണമെന്നും ആവശ്യപ്പെടും. വീണ്ടും അമ്മാവനായി പണം വാങ്ങി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് അപ്രത്യക്ഷനാകും. പിന്നാലെ രണ്ട് ഫോണ്‍ നമ്ബറുകളും സ്വിച്ചോഫാകുമെന്ന് ബംഗളൂരു റെയില്‍വേ പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ (ഡിഐജിപി) എസ്ഡി ശരണപ്പ പറഞ്ഞു.

 

ഫെബ്രുവരി 23ന് കോയമ്ബത്തൂരില്‍ നിന്നുള്ള ഒരാള്‍ പരാതി നല്‍കിയതോടെയാണ് റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിധവകളെയും വിവാഹമോചിതരെയുമാണ് നരേഷ് പൂജാരി ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. മെസേജുകളിലുടെയും ഫോണ്‍ വിളികളിലൂടെയും സ്ത്രീകളുടെ വിശ്വാസം നേടിയ ശേഷമാണ് ബംഗളൂരുവിലേക്ക് അവരെ ക്ഷണിച്ചിരുന്നത്. 250 ലധികം സ്ത്രീകളെ ഇയാള്‍ കബളിപ്പിച്ച്‌ പണം തട്ടി.