News Portal

വിവാഹം നിശ്ചയിച്ചിട്ടും പ്രതിശ്രുതവധു മിണ്ടിയില്ല, മനംനൊന്ത് 23കാരൻ സ്വയം വെടിവെച്ച്‌ മരിച്ചു

ഡല്‍ഹി: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീർ റാത്തോഡാണ് സ്വയം വെടിവെച്ച്‌ മരിച്ചത്.

 

വഡോദരയിലെ നന്ദേശരിയിലാണ് സംഭവം. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വഡോദരയിലെ ജവഹർ നഗർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

23 കാരനായ സമീർ റാത്തോഡ് വഡോദരയിലെ കോയാലി ഗ്രാമത്തില്‍ അമ്മാവനൊപ്പമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം ഗേറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ചയാണ് ഇയാളെ പെട്ടെന്ന് കാണാതായത്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച നന്ദേസരി ജിഐഡിസിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മൃതദേഹം സമീറിൻ്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷം പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സമീറിൻ്റെ മൊബൈലും പരിശോധിച്ചു. ഇതോടെ ആത്മഹത്യയാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസ് സ്ഥിരീകരിച്ചു.

അഞ്ച് ദിവസം മുമ്ബാണ് സമീറിൻ്റെ വിവാഹനിശ്ചയം നടന്നതെന്ന് പൊലീസ് പറഞ്ഞു. പക്ഷേ പ്രതിശ്രുത വധു യുവാവിനോട് സംസാരിക്കാൻ തയ്യാറിയിരുന്നില്ല. ഇക്കാര്യം യുവാവ് സുഹൃത്തിനോട് ചാറ്റില്‍ പറഞ്ഞിരുന്നു.