News Portal

ബാ ങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികള്‍ പണം തട്ടി; സഹായം നല്‍കിയ യുവതി പിടിയില്‍

മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാർഡുകള്‍ എന്നിവ ഉണ്ടാക്കി സഹായിച്ച യുവതി അറസ്റ്റില്‍.

തമിഴ്നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമല(44)യെയാണ് അറസ്റ്റ് ചെയ്തത്.

ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലുള്ള അക്കൗണ്ട് ഉടമകളുടെ ബാങ്ക് വിവരങ്ങളിലുള്ള ഫോണ്‍ നമ്ബർ മാറ്റി ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് നൈജീരിയൻ സ്വദേശികള്‍ പണം അപഹരിച്ചത്. ഈ പണം ഐ.എം.പി.എസ്. ട്രാൻസ്ഫർ വഴി വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റംചെയ്ത കേസില്‍ പ്രതികള്‍ ബാങ്ക് അക്കൗണ്ടുകളും സിം കാർഡും ഉപയോഗിച്ചത് വിമലയുടെ പഴയ വിലാസത്തിലാണ്. മലപ്പുറം സൈബർ ക്രൈം പോലീസാണ് അറസ്റ്റുചെയ്തത്.

മലപ്പുറം ഡിവൈ.എസ്.പി. ടി. മനോജ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വംനല്‍കിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ.മാരായ അബ്ദുല്‍ ലത്തീഫ്, നജ്മുദീൻ, എ.എസ്.ഐ. റിയാസ് ബാബു, സി.പി.ഒ.മാരായ ധനൂപ്, രാജരത്നം, ദില്‍ഷ, സിനിമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കിയശേഷം മഞ്ചേരി സബ് ജയിലില്‍ റിമാൻഡ് ചെയ്തു.