News Portal

അനു കൊലപാതക കേസ്: മുഖ്യപ്രതി മുജീബിന്റെ ഭാര്യ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്ര അനു കൊലപാതക കേസില്‍ മുഖ്യപ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ അറസ്റ്റ് ചെയ്തത്.

 

മുജീബ് കൃത്യം നടത്തിയത് റൗഫീനക്ക് അറിയാമായിരുന്നു എന്നും അന്വേഷണ സംഘം പറയുന്നു.

 

കൊലപാതക സമയം മുജീബ് അനുവിന്റെ പക്കല്‍ നിന്നും കവർന്ന സ്വർണം വിറ്റ് കിട്ടിയ 1,43,000 രൂപ റൗഫീനയുടെ കയ്യില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയ വിവരം റൗഫീനക്ക് അറിയാമായിരുന്നു എന്നും അന്വേഷണ സംഘം വ്യക്തമാക്കി. മുജീബിനെ കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും പിടികൂടിയ ദിവസം അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി കണ്ടത്തിയിരുന്നു.

 

ഈ മാസം 11 നാണ് പേരാമ്ബ്രയിലെ വീട്ടില്‍ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതാകുന്നത്. പിറ്റേദിവസം പേരാമ്ബ്ര അല്ലിയോറതാഴയിലെ തോട്ടില്‍ നിന്നും അനുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ആഭരണങ്ങള്‍ കാണാതായതും ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉല്‍ഭാഗത്തെ മുട്ടുവരെമാത്രം വെള്ളമുള്ള തോട്ടില്‍നിന്നും മൃതദേഹം കണ്ടെത്തിയതും ദുരൂഹത വർധിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടും കുറ്റവാളിയായ മുജീബിനെ പിടികൂടുന്നത്.