News Portal

”എന്റെ മോനെ രക്ഷിക്കണം സാറേ”- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത് അച്ഛൻ

: ”എന്റെ മോനെ രക്ഷിക്കണം സാറേ”- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത് അച്ഛൻ വന്ന് കാലുപിടിച്ചപ്പോള്‍

 

എൻ.പി.ആഘോഷ് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി. അപകടമുണ്ടായ നാട്ടികയില്‍ ആദ്യമെത്തിയത് ആഘോഷാണ്. പുലർച്ചെ തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയതാണ്. നാട്ടിക സെന്ററില്‍നിന്ന് ദേശീയപാതയിലേക്ക് തിരിഞ്ഞപ്പോള്‍ ബൈപാസില്‍നിന്ന് ശബ്ദം കേട്ടു.

 

സ്കൂട്ടർ അവിടേക്കെടുത്തപ്പോള്‍ ഒരു ലോറി വേഗത്തില്‍പ്പോകുന്നതു കണ്ടു. തൊട്ടുപിന്നാലെയാണ് കുട്ടിയുമായൊരാള്‍ എത്തിയത്. തൊട്ടപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർമാർ വന്ന് ഒരു ലോറി ആള്‍ക്കാർക്കിടയിലൂടെ പോയെന്ന് പറഞ്ഞപ്പോഴാണ് ആഘോഷ് ആ ഭാഗത്തേക്ക് നോക്കിയത്. ചിതറിച്ചിന്നിയ ശരീര ഭാഗങ്ങളും നിലവിളിയും. പകച്ച ആഘോഷ് ആദ്യം പോലീസിനെ വിളിച്ചറിയിച്ചു.

 

തൊട്ടുപിന്നാലെ 108 ആംബുലൻസിലും വിളിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കരച്ചിലും ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതും ഓർമയില്‍ നിന്ന് പോകുന്നില്ലെന്ന് ആഘോഷ് പറഞ്ഞു.

 

ഓർമ്മയില്‍ നടുക്കുംകാഴ്ചയുമായി അഫ്സല്‍

 

അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് തളിക്കുളം ആംബുലൻസ് സർവീസാണ്. അഫ്സല്‍ തളിക്കുളം ആംബുലൻസുമായി എത്തിയപ്പോള്‍ മറ്റാരുമില്ല. ചതഞ്ഞരഞ്ഞ മൃതദേഹങ്ങളാണ് കണ്ടതെന്ന് അഫ്സല്‍ പറഞ്ഞു. മുതിർന്ന മൂന്നുപേരെ തിരിച്ചറിയാൻ തീരെ പറ്റാത്ത അവസ്ഥയിലായിരുന്നു. അവയവങ്ങളെല്ലാം പുറത്തായിരുന്നു. മരിച്ച ഒരു കുട്ടിയുടെ തല അടർന്നനിലയിലായിരുന്നുവെന്ന് അഫ്സല്‍ ഓർക്കുന്നു. ഈ കുട്ടിയുടെ മൃതദേഹവുമായാണ് അഫ്സല്‍ ജില്ലാ ആശുപത്രിയിലേക്കു പോയത്. തൊട്ടു പിന്നാലെ മറ്റ് ആംബുലൻസുകളുമെത്തി. വേഗത്തിലാണ് പിന്നെ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ചത്.