News Portal

എട്ടാം ക്ലാസുകാരന്‍റെ ആത്മഹത്യ; പിന്നാലെ അമ്മാവനും ജീവനൊടുക്കി



തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് മനോവിഷമം മൂലമെന്ന് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. ഇന്നലെ മരിച്ച സഞ്ജയ്യുടെ അമ്മയുടെ സഹോദരൻ രതീഷിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സഹോദരിയുടെ മകൻ മരിച്ചതിലുള്ള മനോവിഷമം കൊണ്ടുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം പാച്ചല്ലൂരിൽ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ സഞ്ജയാണ് ഇന്നലെ മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് സഞ്ജയുടെ അമ്മയുടെ സഹോദരൻ രതീഷിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

അച്ഛൻ ഉപേക്ഷിച്ച് പോയ ശേഷം രതീഷായിരുന്നു സഞ്ജയിയെ വളർത്തിയിരുന്നത്. രതീഷ് വേറെ വിവാഹം കഴിച്ചിരുന്നുമില്ല. അതിനാൽ സഞ്ജയുടെ മരണത്തിൽ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് വീട്ടുകാർ പറയുന്നത്. ദുരൂഹതകളെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.