ചോരയൊലിപ്പിച്ച കൈയ്യുമായി കയറി ചെന്നത് പോലീസ് സ്‌റ്റേഷനിലേക്ക്: ഉടനടി നടപടിയുമായി ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ചോരയൊലിപ്പിച്ച കൈയ്യുമായി പോലീസ് സ്റ്റേഷനിലേക്ക് കയറി ചെന്ന വ്യക്തിയ്ക്ക് സഹായവുമായി പോലീസ് ഉദ്യോഗസ്ഥർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന സഹോദരിയെ കൂട്ടാൻ മംഗലാപുരത്തുനിന്ന് ട്രെയിനിൽ അങ്കമാലിയിൽ എത്തിയതാണ് തോമസ് താഴ. ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന 93 വയസുകാരിയായ അമ്മയെ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, രാത്രിയിൽ റോഡ് മുറിച്ചുകടന്നപ്പോൾ അദ്ദേഹം തട്ടി വീഴുകയും കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
സഹായത്തിന് അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ചോരയൊലിപ്പിച്ച കൈയുമായി തൊട്ടടുത്തുകണ്ട പോലീസ് സ്റ്റേഷനിലേക്കാണ് തോമസ് എത്തിയത്. പരിക്കിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ ഒരു ഓട്ടോറിക്ഷ വിളിക്കാൻ ഏർപ്പാട് ചെയ്തു.. ഇതിനിടെ ബോധം മറഞ്ഞ് വീണുപോയ തോമസിന്റെ പോക്കറ്റിൽ നിന്ന് ഫോണും പഴ്‌സും താഴെ പോയിരുന്നു. അതൊക്കെ വീണ്ടെടുത്ത പോലീസുകാർ പിന്നീട് അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയപ്പോൾ അവ ഭദ്രമായി കൈമാറി.
ഇതിനിടെ ഓട്ടോറിക്ഷ എത്തിയെങ്കിലും രോഗിയെ മാത്രമായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ ഡ്രൈവർ മടിച്ചു. അതിനാൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തോമസിനോടൊപ്പം ആശുപത്രിയിലേയ്ക്ക് പോയി. വൈദ്യസഹായം നൽകിയ ഉറപ്പാക്കിയശേഷം തന്റെ ഫോൺ നമ്പർ നൽകിയാണ് പോലീസ് ഉദ്യോഗസ്ഥൻ മടങ്ങിയത്. തന്നെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് കാണിച്ച ശുഷ്‌കാന്തിയും തുടർന്ന് ആശുപത്രിയിൽ ലഭിച്ച പരിചരണവും തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കേരള പോലീസിനെക്കുറിച്ചും സർക്കാർ ആശുപത്രികളെക്കുറിച്ചും പലർക്കും പല അനുഭവമുണ്ടാകാമെങ്കിലും പോലീസിന്റെ മാനുഷികമുഖമാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷൻ താൻ സന്ദർശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വെറും പത്തുരൂപ മുടക്കിൽ സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിച്ച ചികിത്സയേയും അദ്ദേഹം നന്ദിപൂർവ്വം സ്മരിക്കുന്നുണ്ട്.