News Portal

കുസാറ്റ് ദുരന്തം: മൂന്ന് പേരുടെ നില ഗുരുതരം, മന്ത്രി വീണാ ജോർജിന്റെ പ്രതികരണം


കൊച്ചി: കുസാറ്റില്‍ ഗാന നിശക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരം. 64 പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 31 പേര്‍ വാര്‍ഡിലും 3 പേര്‍ ഐസിയുവിലുമാണ്. രണ്ട് പേര്‍ ആസ്റ്ററിലും. ആസ്റ്ററിലുള്ള രണ്ട് പേരുടെയും കളമശേരിയില്‍ ഐസിയുവിലുള്ള ഒരാളുടെയും നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് അപകടമുണ്ടായത്. ആളുകള്‍ തിങ്ങിക്കൂടിയതോടെ ഉന്തും തള്ളും ഉണ്ടാകുകയും തിക്കിലും തിരക്കിലും ദുരന്തം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികളും പാലക്കാട് നിന്നുള്ള ഒരു വ്യക്തിയുമാണ് മരിച്ചത്.

അതേസമയം സംഗീതനിശയ്ക്ക് സര്‍വ്വകലാശാല അധികൃതര്‍ അനുമതി തേടിയില്ലെന്ന് ഡിസിപി പി കെ സുദര്‍ശന്‍ പറഞ്ഞു. എന്നാല്‍ വിവരം പൊലീസിനെ വാക്കാന്‍ അറിയിച്ചിരുന്നുവെന്ന് കുസാറ്റ് വി സി പി ഡി ശങ്കരന്‍ പറഞ്ഞു.