News Portal

ജെസ്‌ന എവിടെ? കാത്തിരിപ്പിന്റെ 6 വർഷം; വഴിക്കണ്ണുമായി ഇപ്പോഴും കുടുംബം

 

 

തിരുവനന്തപുരം: പ്രമാദമായ ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചെങ്കിലും അനവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ ഉള്ളത്. ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ബി.ഐ സമ്മതിക്കുമ്പോഴും മകൾ ഒരിക്കല്‍ തിരിച്ചു വരുമെന്ന വഴിക്കണ്ണുമായി ഇന്നും ജെസ്നയുടെ പിതാവ് കുന്നത്തുവീട്ടില്‍ കാത്തിരിക്കുകയാണ്. ഉത്തരമില്ലാത്തൊരു ചോദ്യം മാത്രം അവശേഷിപ്പിച്ച് ജെസ്‌ന പോയത് എവിടേക്കെന്ന് ആർക്കുമറിയില്ല.

 

ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്ന് സിബിഐ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.