News Portal

ഉറക്കമില്ലായ്മ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങിനെ



 

ഉറക്കം മനുഷ്യന്റെ ശരീരത്തിന് വളരെ പ്രധാനമായ ഒന്നാണ്. ആവശ്യത്തിന് ഉറങ്ങുന്നത് മനസ്സിന് സമാധാനം നല്‍കുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് മൂലം പല രോഗങ്ങളും നിങ്ങളെ പിടികൂടുന്നു.

ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും പറയുന്നത് ഏതൊരു വ്യക്തിയും കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം….

ഏഴ് മണിക്കൂര്‍ ഉറക്കം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

ഏഴ് മണിക്കൂറിനുള്ളില്‍, നിങ്ങളുടെ ശരീരം റിപ്പയര്‍ മോഡിലേക്ക് പോകുന്നു. ഈ സമയത്ത് നിങ്ങളുടെ കോശങ്ങളും പേശികളും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ തലച്ചോറിനും വളരെ പ്രധാനമാണ്. ഇത് മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നു. മതിയായ ഉറക്കം ലഭിക്കുന്നതിലൂടെ, രോഗപ്രതിരോധ സംവിധാനവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നു

ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് വ്യത്യസ്ത ഉറക്കചക്രങ്ങളിലൂടെ കടന്നുപോകാനുള്ള സമയം കുറവാണ്. ഇക്കാരണത്താല്‍, രാവിലെ ഉണര്‍ന്നതിനുശേഷം ക്ഷീണം അനുഭവപ്പെടുന്നു. ഈ ക്ഷീണം ദിവസം മുഴുവന്‍ നിലനില്‍ക്കും. ഏകാഗ്രത, ശ്രദ്ധ, നിങ്ങള്‍ ചെയ്യുന്ന ജോലി എന്നിവയെ ഈ ക്ഷീണം പ്രതികൂലമായി ബാധിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് മൂലം ഒരു വ്യക്തിയുടെ ചിന്തയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കുന്നു.

ശരീരഭാരം കൂടുന്നു

ഉറക്കവും ഭാരവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഉറക്കക്കുറവ് മൂലം ശരീരത്തിലെ ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നീ രണ്ട് ഹോര്‍മോണുകളുടെ ബാലന്‍സ് തകരാറിലാകുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍, ഗ്രെലിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് വിശപ്പ് വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് കലോറിയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം, ലെപ്റ്റിന്‍ ഹോര്‍മോണിന്റെ അളവ് കുറയുകയും ആഹാരം കഴിച്ചാലും മതിയാവാത്തപ്പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. ഹോര്‍മോണുകളുടെ ഈ അസന്തുലിതാവസ്ഥ പ്രത്യേകിച്ച് വൈകുന്നേരങ്ങളിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരം ഭാരം വര്‍ദ്ധിക്കാന്‍ ഇത് പ്രധാന കാരണമായി പറയുന്നു.

മാനസികാവസ്ഥയെ ബാധിക്കുന്നു

ഉറക്കം കുറയുന്നത് നമ്മുടെ മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്നു. ഉറങ്ങുന്ന സമയത്ത് നമ്മുടെ തലച്ചോറും പുതിയ ഊര്‍ജ്ജം ശേഖരിക്കുന്നു. എന്നാല്‍ വേണ്ടത്ര ഉറക്കം ഇല്ലെങ്കില്‍, മനസ്സിന് ഉന്മേഷം ലഭിക്കില്ല, അതുമൂലം നിരവധി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചിലപ്പോള്‍ ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

ഹാര്‍ട്ട് അറ്റാക്ക്

ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളു ശുദ്ധീകരണവും ഉറങ്ങമ്പോഴാണ് നടക്കുന്നത്. എന്നാല്‍ ഉറക്കക്കുറവ് കാരണം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യപ്പെടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇതും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.