News Portal

അറസ്റ്റ് തന്നെ നിശബ്ദനാക്കാന്‍ : ജയിലില്‍ നിന്ന് സഞ്ജയ് സിങ്ങിന്റെ കത്ത്



ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് കത്തെഴുതി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തന്നെ നിശബ്ദനാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും ജയിലില്‍ കഴിയുന്ന ഓരോ ദിവസവും സ്വേച്ഛാധിപത്യ ശക്തിക്കെതിരെ പോരാടാനുള്ള നിശ്ചയദാര്‍ഢ്യവും ശക്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: കാത്തിരിപ്പ് അവസാനിച്ചു! ഇൻസ്റ്റഗ്രാം നഷ്ടപ്പെടാതെ ഇനി ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം, ഇക്കാര്യങ്ങൾ അറിയൂ

‘എ.എ.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷയും വിശ്വാസവും സൃഷ്ടിച്ചു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ വെറും 10 വര്‍ഷം കൊണ്ട് എ.എ.പി ഒരു ദേശീയ പാര്‍ട്ടിയായി മാറി. ഞങ്ങള്‍ മൂന്ന് തവണ ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിച്ചു. കെജ്രിവാള്‍ സര്‍ക്കാറിന്റെ വിദ്യാഭ്യാസത്തിലെയും ആരോഗ്യപരിപാലനത്തിലെയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ലോകത്തിനും മാതൃകയായി’- അദ്ദേഹം കത്തില്‍ പറഞ്ഞു.

എ.എ.പി ജാതീയത പ്രചരിപ്പിക്കുന്നില്ലെന്നും മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നില്ലെന്നും അതുകൊണ്ടാണ് എ.എപിയെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അടിച്ചമര്‍ത്തലിന്റെ പാത സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 4നാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. മദ്യ നയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയായിരുന്നെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നല്‍കിയിരുന്നു. അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചക്ക് സഹായിച്ചതും സഞ്ജയ് സിങ് ആണെന്ന് ദിനേശ് അറോറയുടെ മൊഴി ഉണ്ടായിരുന്നു.