News Portal

‘സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണം ഒഴിവാക്കണം’: അല്‍ ഷിഫ ആശുപത്രി ആക്രമണത്തില്‍ ഇന്ത്യ ഇസ്രായേലിനോട്


ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ തുടര്‍ന്നുണ്ടായ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെയും സംഘര്‍ഷങ്ങൾ കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയാണ് ഇന്ത്യ എപ്പോഴും എടുത്തു പറഞ്ഞിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. അല്‍ ഷിഫ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് ഒരു പ്രത്യേക കാര്യത്തെക്കുറിച്ചു മാത്രമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

”ഇന്ത്യ പലസ്തീന് മാനുഷിക സഹായം എത്തിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളെ അപലപിച്ചു. സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കേണ്ടതിനാണ് ഇന്ത്യ എപ്പോഴും പ്രാധാന്യം നൽകുന്നത്. മാനുഷിക നിയമം എപ്പോഴും പാലിക്കപ്പെടണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും മാനുഷികസഹായം എത്തിക്കാനുള്ള ശ്രമങ്ങളെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. 38 ടണ്‍ ദുരിതാശ്വാസ സാധനങ്ങള്‍ ഇന്ത്യ ഇതിനോടകം അയച്ചതായും കൂടുതല്‍ സഹായം ഇനിയും ലഭ്യമാക്കുമെന്നും” അദ്ദേഹം പറഞ്ഞു.

അൽ-ഷിഫ ആശുപത്രി റെയ്‌ഡിൽ ഇസ്രായേൽ സൈന്യം എന്തൊക്കെ കണ്ടെത്തി? ഹമാസിന്റെ പ്രതികരണമെന്ത്?

ഗാസ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഷിഫ ആശുപത്രിക്കുനേരെയുള്ള ആക്രമണങ്ങള്‍ ബുധനാഴ്ച വൈകീട്ടും ഇസ്രയേല്‍ തുടര്‍ന്നു. ഈ ആശുപത്രി ഹമാസ് മറയാക്കിയിരിക്കുകയാണ് എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 1400 പേര്‍ കൊല്ലപ്പെടുകയും 220-ൽ അധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇസ്രയേലിന്റെ ഗാസയിലെ ആക്രമണത്തില്‍ ഗാസയില്‍ 11,500 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗാസയിലെ സൈനിക നടപടിയില്‍ സ്ത്രീകളും കുട്ടികളുമുള്ളവര്‍ ഉള്‍പ്പടെ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നതില്‍ വലിയ വിമര്‍ശനമാണ് ഇസ്രയേലിന് നേരെ ഉയരുന്നത്.

‘വോയിസ് ഓഫ് ഗ്ലോബല്‍ സൗത്തി’ന്റെ രണ്ടാം സമ്മേളനം വെള്ളിയാഴ്ച ഓണ്‍ലൈനായി നടക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.

ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ തുരങ്കവും ഹമാസിന്റെ ആയുധശേഖരവും കണ്ടെത്തിയെന്ന് ഇസ്രായേല്‍

നിലവിലെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം സമ്മേളനത്തില്‍ ചര്‍ച്ചയാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ചര്‍ച്ചയാകുമെന്ന് ബാഗ്ചി പറഞ്ഞു. ആഗോള വികസനപ്രവര്‍ത്തനങ്ങളിലുണ്ടാകാനിടയുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്യും. ഓരോ രാജ്യത്തിനും തങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഉന്നതലതലത്തിലുള്ള ചര്‍ച്ചകളില്‍ ഓരോ പങ്കാളിയും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കിടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യം, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ധനം, പരിസ്ഥിതി എന്നീ വകുപ്പ് മന്ത്രിമാരുടെ നാല് സെഷനുകളാണ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാവുക. ഊര്‍ജം, ആരോഗ്യം, വാണിജ്യ മന്ത്രിമാരുടെ നാല് സെഷനുകള്‍ ഉച്ചയ്ക്ക് ശേഷം നടക്കും. വൈകീട്ട് 6.30നാണ് സമാപന സമ്മേളനം.