News Portal

കൃഷ്ണ-ഗോദാവരി നദീ തീരത്ത് പുതിയ ദൗത്യത്തിന് തുടക്കമിടാനൊരുങ്ങി കേന്ദ്രം, ക്രൂഡോയിൽ ഉൽപ്പാദനം അടുത്തയാഴ്ച മുതൽ


കൃഷ്ണ-ഗോദാവരി നദീ തീരത്ത് ചരിത്ര നേട്ടത്തിന് അടുത്തയാഴ്ച മുതൽ തുടക്കമിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നദീ തീരത്ത് നിന്നും അടുത്തയാഴ്ച മുതൽ ക്രൂഡോയിൽ ഉൽപ്പാദനം ആരംഭിക്കുന്നതാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ക്രൂഡോയിൽ ഉൽപ്പാദനം ആരംഭിക്കുന്നത്. ആഭ്യന്തരമായി ഇന്ത്യ ക്രൂഡോയിൽ ഉൽപ്പാദിപ്പിക്കുന്നതോടെ, ഇറക്കുമതിയിൽ നിന്ന് വലിയ രീതിയിലുള്ള ആശ്വാസം കണ്ടെത്താൻ സാധിക്കുന്നതാണ്. ആഭ്യന്തര ഉപയോഗത്തിനുള്ള ക്രൂഡോയിലിന്റെ 85 ശതമാനവും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ആഭ്യന്തര ക്രൂഡോയിൽ ഉൽപ്പാദനത്തിലൂടെ ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 11,000 കോടി രൂപയുടെ നേട്ടമാണ് കൈവരിക്കാൻ കഴിയുക. കൃഷ്ണ-ഗോദാവരി തീരത്തുള്ള ക്രൂഡോയിൽ ഉൽപ്പാദനം ഇന്ത്യയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ളതാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, ബ്രെന്റ് ക്രൂഡോയിലിന് 77.4 ഡോളർ നിരക്കിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉൽപ്പാദനം ആരംഭിക്കുന്നതോടെ പ്രതിദിനം 29 കോടി രൂപ വരെ ലാഭിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നതാണ്. വാർഷികാടിസ്ഥാനത്തിൽ ഇത് 10,600 കോടി രൂപ കവിയും. ആന്ധ്രപ്രദേശ് തീരത്തിന്റെ 35 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ 1300 മീറ്റർ വരെ ആഴത്തിലാണ് ക്രൂഡോയിൽ ഉൽപ്പാദനം ആരംഭിക്കുക.