News Portal

ഒരു മണിക്കൂറിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 29 പേരെ


ചെന്നൈ: തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ. ഒരു മണിക്കൂറിനുള്ളിലായിരുന്നു സംഭവ പരമ്പര. ഇതിന് പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ചെന്നൈയിലാണ് സംഭവം. റോയാപുരം ഭാഗത്താണ് തെരുവുനായ നാട്ടുകാരെ ആക്രമിച്ചത്. തിരക്കേറിയ ജി.എ റോഡിലൂടെ പാഞ്ഞു നടന്ന തെരുവുനായ മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി നായയെ തല്ലിക്കൊന്നത്. റോഡ് സൈഡില്‍ കിടന്ന നായ പെട്ടെന്ന് ആക്രമണകാരിയാവുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ വിശദമാക്കുന്നത്.

നായയുടെ ആക്രമണത്തില്‍ മിക്ക ആളുകള്‍ക്കും കാലിനാണ് പരിക്കേറ്റത്. കടിക്കുക മാത്രമല്ല കടിച്ച് കുടയാനും നായ ശ്രമിച്ചതായാണ് പരിക്കേറ്റവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ കോര്‍പ്പറേഷന്‍ അധികൃതര്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി കൊണ്ടുപോയി. പെട്ടെന്ന് ഇത്രയധികം ആളുകളെ ആക്രമിച്ചതിനാല്‍ നായയ്ക്ക് പേവിഷ ബാധയുണ്ടാകാമെന്നാണ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സംശയം.