News Portal

ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ, സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത് ആയിരക്കണക്കിന് ആളുകൾ


മനുഷ്യരാശിയുടെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ന്യൂറാലിങ്ക് സാങ്കേതിക വിദ്യയുടെ ആദ്യ ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക്. ന്യൂറാലിങ്ക് മനുഷ്യരിൽ പരീക്ഷിക്കാൻ സന്നദ്ധരായവരെ ക്ഷണിച്ച് മാസങ്ങൾക്കു മുൻപ് കമ്പനി ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയിരുന്നു. ഏകദേശം ആയിരക്കണക്കിന് ആളുകളാണ് കമ്പനിയുടെ പരീക്ഷണത്തിന് തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത്, അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് ന്യൂറാലിങ്ക് പ്രവർത്തിക്കുക. തുടർന്ന് ഇവ തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യുന്നതാണ്.

ശരീരം തളർന്നു പോയവരിലും, കാഴ്ചശക്തി ഇല്ലാത്തവരിലും ന്യൂറാലിങ്കിന് പ്രത്യേക സ്വാധീനം ചെലുത്താൻ കഴിയുമോ എന്നതാണ് ആദ്യ ഘട്ടത്തിൽ പരീക്ഷിക്കുക. ഇതിലൂടെ മനുഷ്യന്റെ തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകൾ മറികടക്കാൻ രോഗിയെ സഹായിക്കുമോ എന്നും വിലയിരുത്തും. ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച്, ആ വിവരം തലച്ചോറിന് വെളിയിലുള്ള ഉപകരണത്തിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.

2016 ജൂലൈയിൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറാലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിംഗ് മുഴുവൻ മസ്‌കിന്റേതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. ആയിരക്കണക്കിന് ആളുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, അടുത്ത വർഷം 11 പേരിലാണ് ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കുക.