News Portal

ദീപാവലി ആഘോഷിച്ചും ദീപം തെളിയിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും


 

ലണ്ടന്‍: ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസായ ഡൗണിങ് സ്ട്രീറ്റ് 10ല്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിയിച്ച് ദീപാവലി ആഘോഷിച്ചു.

ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഋഷി സുനക് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ആഘോഷത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രതിനിധികള്‍ എന്നിവരും പങ്കുചേര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിന് നല്‍കി.

കേന്ദ്രമന്ത്രി എസ് ജയശങ്കറും ഭാര്യയും ഡൗണിങ് സ്ട്രീറ്റ് 10ല്‍ സന്ദര്‍ശനം നടത്തി ആശംസകളും സമ്മാനങ്ങളും കൈമാറി. ഗണപതിയുടെ വിഗ്രഹവും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ച എസ് ജയശങ്കര്‍, ഋഷി സുനകിന്റെയും പത്‌നി അക്ഷത മൂര്‍ത്തിയുടെയും ഊഷ്മളമായ സ്വീകരണത്തിന് നന്ദിയും രേഖപ്പെടുത്തി.